19.8.16

ഒരു രാത്രി കളഞ്ഞുപോയ -
പുഴയിലേക്ക് ഞാൻ
ഒഴുകിക്കൊണ്ടിരുന്നു .
ഒരൊറ്റ ചുംബനത്തിൽ
കരിഞ്ഞുപോയ ഒരു തെരുവും
എന്നോടൊപ്പമുണ്ട് .

പണ്ട് ..
ഭൂതകാലം കുറേ മഷിക്കട്ടകളാക്കി
ഈ പുഴയിൽ ഒഴുക്കിയതാണ് .
വേരറ്റുപോയ ചില മരണങ്ങൾ
നിന്നിലേക്ക്‌  അന്ന്
അലിഞ്ഞു ചേർന്നത് ..
പിന്നീട്  അവ
വെളുത്തമീനുകളുടെ
ചിറകുകളായി മാറുന്ന
അദ്‌ഭുതക്കാഴ്ച ...
നമുക്കിടയിൽ
മൈൽകുറ്റികൾ പണിയലായിരുന്നു
പിന്നീട് എന്റെ ജോലി .

എന്റെ മഷിക്കട്ടകളേറ്റ്
നെഞ്ചു നീറിയ മീനുകളെല്ലാം
എന്നോ -
പൊരിഞ്ഞു പോയിട്ടുണ്ടാകും
എന്നിട്ടും -
കരിഞ്ഞ തെരുവിനൊപ്പം
ഞാനെന്തിനാണ് വീണ്ടും .....


7.2.16

പൊളിച്ചെഴുത്ത് 
പൊളിച്ചെഴുതുമ്പോൾ 
അടർന്നു വീണത്  തട്ടി
മേൽകോയ്മയുടെ-
മുഖം പൊട്ടിയൊലിച്ചു  
കാലങ്ങളായി വേരുറച്ച -
തൊലിയല്ലെ ...
പൂർവസ്ഥിതിയിലെത്താൻ 
ചുരുങ്ങിയത് 
രണ്ട് പ്രളയമെങ്കിലും 
വേണ്ടി വരും.

കനൽചിത്രങ്ങൾ

പാതിവെന്ത -
വാക്കിലും
ഇളകാത്ത കണ്ണിലും ,
ഇടിമുഴക്കത്തിൽ -
നിലച്ച ചിത്രങ്ങൾ
ഉടഞ്ഞ ചില്ലുകൾ
വെളുത്ത കരിപിടിച്ച മുഖങ്ങൾ
ഇത് ഒന്നാം ചിത്രം -

മിന്നൽ വെളിച്ചത്തിൽ
കാഴ്ച നഷ്ടപ്പെട്ട് -
ഉഴറുന്നയമ്മ
കൊഴിഞ്ഞ മൌനങ്ങൾ
കോർത്തിണക്കുന്ന
ആരോ ഉപേക്ഷിച്ച കൈകൾ
ഒരു കുപ്പി വെള്ളം
വരികൾ നഷ്ടപ്പെട്ട കവിത
ഇത് രണ്ടാം ചിത്രം -

തുറന്ന ജാലകത്തിൽ
അവളുടെ -
പ്രാണന്റെ നിഴൽ
കൂർത്ത കാലൊച്ച
കനത്ത മഴയിൽ ,
ഒലിച്ചിറങ്ങിയ മറവിയിൽ
സിംഹഗർജ്ജനം
നിലച്ച ഹ്രദയത്തിൽ-
തെറ്റി നീങ്ങുന്ന സമയം
പറന്നകന്ന പക്ഷികൾ
ഇത് ഒടുവിലത്തെ ചിത്രം .

തീക്കണ്ണാൽ
ചുട്ടു പൊള്ളിക്കപ്പെടും മുൻപ്
വെന്ത മാംസത്തിനു
എഴുരുചികളുണ്ടെന്ന്
ആർത്തലക്കുന്നതിൻ മുൻപ്
അമ്മയ്ക്ക് കാഴ്ച -
തിരിച്ചുകിട്ടുന്നതിൻ മുൻപ്
അവൾക് പോകണം.

തന്റെ സ്വപ്‌നങ്ങൾ
പകച്ചു വീശുന്ന കാറ്റിന്
ഉറച്ച ശബ്ദം -
പറന്നകന്ന പക്ഷികൾക്
നിറം മാഞ്ഞ രക്തം
വറ്റിയ പുഴയ്ക്ക്‌
ഉണങ്ങാത്ത വ്രണങ്ങൾ
കാഴ്ച നഷ്ടപ്പെട്ട ലോകത്തിന് -
നിനക്ക് ...
സ്നേഹം

പല രുചികൾക്കും
പല രൂപങ്ങൾക്കും
അപ്പുറത്ത് വച്ചാണ്
നീയെന്നെ അറിഞ്ഞതും
ഞാൻ നിന്നെ -
തിരിച്ചറിഞ്ഞതും.
ഇന്ന് ..
രുചികളിലൂടെ
രൂപങ്ങളിലൂടെ
സന്ധ്യകളില്ലാത്ത സ്നേഹം
അറിവിന്റെയും
തിരിച്ചറിവിന്റെയും
സമചതുരത്തിനിടയിൽ
നമുക്കൊരു -
സൂര്യനെ വരയ്ക്കാം
കണ്ണെഴുത്തിന്റെ -
മഷി വറ്റുവോളം
പ്രകാശിക്കട്ടെ .
ഷിംന ലത്തീഫ്

5.2.16

ശവകുടീരങ്ങളുടെ വർത്തമാനം 

ഇനി അൽപനേരം 
ഇവിടെ നോക്കി നിൽകാം 
ഓർമകളും വേദനകളും 
നഗ്നതയഴിച്ചു അലിഞ്ഞു ചേരുന്നതും 
ഹ്രദയം തോടുപൊട്ടിച്ച് 
നക്ഷത്രതുമ്പായി മാറുന്നതും 
ഇവിടെ നിന്നാണ് 
നീയും ഞാനും 
ഒടുക്കത്തെ ദാനശീലരാകുന്നതും 
മതിലുകളില്ലാത്ത 
ഒറ്റയടിപ്പാതകൾ 
സ്വപ്നം കണ്ടുതുടങ്ങുന്നതും 
ഇവിടെ നിന്നാണ്  

ഇത് 
മനസും ശരീരവും 
വറ്റി -
ഒരു മരുഭൂമി ബിന്ദുവായ് മരിച്ച -
വേശ്യയുടെ ശവകുടീരം 
പകലിന് ജ്വരം പിടിച്ച് 
കണ്ണു കാണാതാവോളം 
ആരും വരില്ല 
മാന്യത മാറ്റുരച്ചു വച്ചതാണ് 
വിരിച്ച പുൽപായിൽ 
കണ്ണീരും രേതസ്സും -
ഒരേ അളവിൽ ചേർന്ന് 
പുതിയ സംയുക്തങ്ങൾ 
രൂപം കൊണ്ടു തുടങ്ങി 
മരിച്ചെന്നറിയില്ല 
കുത്തിയിരിപ്പാണ്‌ ...
ഉപ്പുരുചിയുള്ള കണ്ണില്ലാത്ത 
മുഷിഞ്ഞ നോട്ടുകൾക്ക് ..
അമ്മയാണ് -
വിശപ്പിന് കല്ല് കെട്ടാൻ വയ്യ ..

സ്വർണ നിറത്തിൽ- 
കൊത്തി വച്ചിട്ടുണ്ട് 
പുഷ്പ ചക്രങ്ങളുണ്ട്
ഒരായുസ്സിന്റെ കൊടിമരം 
കാവൽ നിൽപുണ്ട് 
ഇത് 
ആയുസ് തീരാതൊടുങ്ങിയ 
 സൈനികന്റെ ശവകുടീരം 
ദേശീയത ഭൂമി അറക്കുന്ന 
ഉപകരണമായി മാറിയത് കണ്ട് 
അന്തംവിട്ട് നിൽക്കുമ്പോഴാണ്‌ 
മരണം വന്ന് വിളിച്ചത് ..
എന്റെ അമ്പരപ്പ് കണ്ട് 
മരണം ചിരിച്ചു .
മഞ്ഞ ഇലകകൾക്കും 
മഞ്ഞുകട്ടകൾക്കും ഇടയിലൂടെ 
ഒരു മരംകൊത്തിക്കിളിയായ് 
പറന്ന് -
അസ്വസ്ഥതകൾ 
കൊത്തിയെറിയണം 
മരിച്ചെന്നറിയാം 
ഒരു മരണം മാത്രം ..

അടുത്തത് 
മൊട്ടക്കുന്നിലേക്ക്‌ 
മൽസരിച്ചോടി വിയർത്ത് 
ആത്മഹത്യ ചെയ്ത 
ദലിതന്റെ ശവകുടീരം 
പക 
പ്രതികാരം 
നിരാശ 
സങ്കടം 
എന്നൊക്കെപ്പറയാം 
എന്നാൽ അതൊന്നുമല്ല കാരണം -
എഴുതപ്പെട്ടിട്ടും 
എഴുതപ്പെടാതെ പുഴുത്തുപോയ 
ചിലതിനോടുള്ള അറപ്പ് 
കണ്ണുപൊത്തിക്കളിയും 
മണ്ണപ്പം ചുട്ടുകളിയും 
മാത്രമേ കളിച്ചിട്ടുള്ളൂ ..
പാമ്പും കോണിയും 
ചതുരംഗക്കളിയും കളിച്ചു പഠിച്ചില്ല 
ആരും പഠിപ്പിച്ചില്ല 
പഠിക്കണമെന്ന് പറഞ്ഞുമില്ല 

അടുത്തത് 
മറേൻജോവിലെ 
ഒരു വൃദ്ധസദനത്തിൽ 
മരണത്തോടൊപ്പം 
സതോഷവതിയായി നടന്ന 
ഒരമ്മയുടെ ശവകുടീരം 
താജ്മഹലല്ല 
പൂന്തോട്ടമോ 
വിശുദ്ധ നഗരങ്ങളോ അല്ല 
ഒരു തർക്കത്തിന്റെ ആവശ്യമേ 
ഇവിടെ വരുന്നില്ല .
തന്റെ മക്കളാണ് ഒരമ്മക്ക് 
ഏറ്റവും സുന്ദര കാഴ്ച്ച .
ഇനിയും മരിക്കണം 
മകൻ അടുത്ത് വരും 
ഇനിയും മരിക്കണം ..

ഒന്നാഴ്നിറങ്ങിയപ്പോഴേക്കും 
ആകാശം ദരിദ്രനായി 
കെട്ടുപോയ നക്ഷത്രങ്ങളാണ്
 മാറാപ്പിൽ -
അതിൽ നീയും ഞാനും.
ഇടയിൽ ഒരുപാട് 
നിശ്ശബ്ദത കൂട്ടിവെച്ചിരിക്കുന്നു 
മുള്ളൻപന്നികളെ പോലെ 
കൂർത്ത ചിരിയുള്ള-
കടും വർണത്തിലുള്ള  
നിശ്ശബ്ദത .

ഷിംന ലത്തീഫ്